പൊന്നുണ്ണീ പൂങ്കരളെ
പൂതപ്പാട്ട്‌
Ponnunni Poonkarale (Poothappaattu)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംവി കെ ശശിധരൻ
ഗാനരചനഇടശ്ശേരി
ഗായകര്‍വി കെ ശശിധരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2012 04:03:23.
'പൊന്നുണ്ണീ പൂങ്കരളേ,
പോന്നണയും പൊന്‍കതിരേ.
വണ്ടോടിന്‍ വടിവിലെഴും
നീലക്കല്ലോലകളില്‍
മാന്തളിരില്‍ത്തൂവെള്ളി-
ച്ചെറുമുല്ലപ്പൂമുനയാല്‍
പൂന്തണലില്‍ച്ചെറുകാറ്റ-
ത്തിവിടെയിരുന്നെഴുതാലോ.
ഓലയെഴുത്താണികളെ
ക്കാട്ടിലെറിഞ്ഞിങ്ങണയൂ.'
'പൂത്ത മരച്ചോട്ടിലിരു-
ന്നൊളിനെയ്യും പെൺകൊടിയേ,
ഓലയെഴുത്താണികളെ
കാട്ടിലിതാ ഞാന്‍ കളവൂ!'

പിന്നെ പള്ളിക്കൂടത്തില്‍ പോയില്യ. സുഖായി എന്നല്ലേ വിചാരം? കേട്ടോളു.
എഴുത്താണി ഇരിമ്പല്ലേ? അതങ്ങട്‌ പിടിവിട്ടപ്പോള്‍ പൂതം വന്നു പിടിച്ചു മെല്ലെ കൂട്ടിക്കൊണ്ടങ്ങട്ടു പോയി!

വെയില്‍ മങ്ങി മഞ്ഞക്കതിരു പൊങ്ങീ
വിയദങ്കണത്തിലെക്കാര്‍കള്‍ ചെങ്ങി
എഴുതുവാന്‍ പോയ കിടാവു വന്നീ-
ലെവിടെപ്പോയ്‌; നങ്ങേലി നിന്നു തേങ്ങി.
ആറ്റിന്‍കരകളിലങ്ങിങ്ങോളം
അവനെ വിളിച്ചു നടന്നാളമ്മ.
നീറ്റില്‍ക്കളിക്കും പരല്‍മീനെല്ലാം
നീളവേ നിശ്ചലം നിന്നുപോയി.
ആളില്ലാപ്പാടത്തിലങ്ങുമിങ്ങും
അവനെ വിളിച്ചു നടന്നാളമ്മ.
പൂട്ടിമറിച്ചിട്ട മണ്ണടരില്‍
പുതിയ നെടുവീര്‍പ്പുയര്‍ന്നുപോയീ.
കുന്നിന്‍ചെരിവിലെക്കൂര്‍ത്തകല്ലില്‍
കുഞ്ഞിനെത്തേടി വലഞ്ഞാളമ്മ.
പൊത്തില്‍നിന്നപ്പോള്‍ പുറത്തു നൂഴും
നത്തുകളെന്തെന്തെന്നന്വേഷിച്ചു.
കാട്ടിലും മേട്ടിലും പുക്കാളമ്മ
കാണാഞ്ഞു കേണു നടന്നാളമ്മ.
പൂമരച്ചോട്ടിലിരുന്നു പൂതം
പൂവന്‍പഴംപോലുള്ളുണ്ണിയുമായ്‌
പൂമാല കോര്‍ത്തു രസിയ്ക്കെക്കേട്ടൂ
പൂരിതദുഃഖമിത്തേങ്ങലുകള്‍.

എന്നിട്ടോ, അതിനുണ്ടോ വല്ല കൂട്ടവും! പക്ഷേ, സ്വൈരക്കേടു തീരണ്ടേ?

പേടിപ്പിച്ചോടിക്കാന്‍ നോക്കീ പൂതം
പേടിക്കാതങ്ങനെ നിന്നാളമ്മ.
കാറ്റിന്‍ചുഴലിയായ്ച്ചെന്നു പൂതം
കുറ്റികണക്കങ്ങു നിന്നാളമ്മ.
കാട്ടുതീയായിട്ടും ചെന്നു പൂതം
കണ്ണീരാലൊക്കെക്കെടുത്താള്ളമ്മ.
നരിയായും പുലിയായും ചെന്നു പൂതം
തരികെന്റെ കുഞ്ഞിനെയെന്നാളമ്മ.

പറ്റിയില്ലല്ലോ! പൂതം മറ്റൊരടവെടുത്തു...

പൂതമക്കുന്നിന്റെ മേല്‍മൂടിപ്പാറയെ
കൈതപ്പൂപോലെ പറിച്ചുനീക്കി.
കണ്‍ചിന്നുമ്മാറതില്‍പ്പൊന്നും മണികളും
കുന്നുകുന്നായിക്കിടന്നിരുന്നു.
'പൊന്നും മണികളും കിഴികെട്ടിത്തന്നീടാം
പൊന്നാരക്കുട്ടനെ ഞാനെടുക്കും.'
അപ്പൊന്നും നോക്കാതെ, യമ്മണി നോക്കാതെ-
യമ്മ, തന്‍ കണ്ണുകള്‍ ചൂന്നെടുത്തു
പുലരിച്ചെന്താമരപോലവ പൂതത്തിന്‍
തിരുമുമ്പിലര്‍പ്പിച്ചു തൊഴുതുരച്ചു,
'ഇതിലും വലിയതാണെന്റെ പൊന്നോമന
അതിനെത്തരികെന്റെ പൂതമേ, നീ.'

പൂതത്തിന്റെ തഞ്ചം കേള്‍ക്കണോ? അമ്മയ്ക്കു കണ്ണില്ലാതായില്ലേ?

തെച്ചിക്കോലു പറിച്ചൂ പൂതം
ചേലൊടു മന്ത്രം ജപിച്ചു പൂതം
മറ്റോരുണ്ണിയെ നിര്‍മ്മിച്ചു പൂതം
മാണ്‍പൊടെടുക്കെന്നോതീ പൂതം.

അമ്മയെടുത്തിട്ടുമ്മകൊടുത്തി-
ട്ടഞ്ചിതമോദം മൂര്‍ദ്ധാവിങ്കല്‍
തടകിത്തടകിപ്പുല്‍കിയവാറേ
വേറിട്ടൊന്നെന്നോതിയെണീറ്റാള്‍.
പെറ്റവയറ്റിനെ വഞ്ചിക്കുന്നൊരു
പൊട്ടപ്പൂതമിതെന്നു കയര്‍ത്താള്‍.
താപംകൊണ്ടു വിറയ്ക്കെക്കൊടിയൊരു
ശാപത്തിന്നവള്‍ കൈകളുയര്‍ത്താള്‍.
ഞെട്ടിവിറച്ചു പതിച്ചു പൂതം
കുട്ടിയെ വേഗം വിട്ടുകൊടുത്താള്‍.
'അമ്മേ നിങ്ങടെ തങ്കക്കുഞ്ഞിനെ
ഞാനിനിമേലില്‍ മറച്ചുപിടിക്കി-
ല്ലെന്നുടെനേരെ കോപമിതേറെ-
യരുതരുതെന്നെ നീറ്റീടൊല്ലേ.
നിന്നുടെ കണ്ണുകള്‍ മുന്‍പടി കാണും
നിന്നുടെ കുഞ്ഞിതുതന്നേ നോക്കൂ.'

തൊഴുതുവിറച്ചേ നിന്നൂ പൂതം
തോറ്റുമടങ്ങിയടങ്ങീ പൂതം.
അമ്മ മിഴിക്കും കണ്ണിന്മുമ്പിലൊ-
രുണ്മയില്‍നിന്നൂ തിങ്കളൊളിപ്പൂ-
പ്പുഞ്ചിരിപെയ്തുകുളിര്‍പ്പിച്ചും കൊണ്ട-
ഞ്ചിതശോഭം പൊന്നുണ്ണി.

അങ്ങനെ അമ്മയ്ക്ക്‌ ഉണ്ണിയെ കിട്ടി. പൂതമോ, പാവം!

യാത്രതിരിച്ചിടുമുണ്ണിയെ വാരിയെ-
ടുത്തു പുണര്‍ന്നാ മൂര്‍ദ്ധാവിങ്കല്‍
പലവുരു ചുംബിച്ചത്തുറുകണ്ണാല്‍-
പ്പാവം കണ്ണീര്‍ച്ചോല ചൊരിഞ്ഞും
വീര്‍പ്പാല്‍ വായടയാതേകണ്ടും
നില്‍പൊരു പൂതത്തോടു പറഞ്ഞാ-
ളപ്പോളാര്‍ദ്രഹൃദന്തരയായി-
ട്ടഞ്ചിതഹസിതം പെറ്റോരമ്മ:
'മകരക്കൊയ്ത്തു കഴിഞ്ഞിട്ടെങ്ങടെ
കണ്ടമുണങ്ങിപ്പൂട്ടുംകാലം
കളമക്കതിര്‍മണി കളമതിലൂക്കന്‍
പൊന്നിന്‍കുന്നുകള്‍ തീര്‍ക്കുംകാലം
വന്നുമടങ്ങണമാണ്ടുകള്‍തോറും
പൊന്നുണ്ണിക്കൊരു കുതുകം ചേര്‍ക്കാന്‍,
ഞങ്ങടെ വീട്ടിനു മംഗളമേകാന്‍
ഞങ്ങള്‍ക്കഞ്ചിതസൗഖ്യമുദിക്കാന്‍.'

പൂത'മതങ്ങനെതന്നേ'യെന്നു
പറഞ്ഞു മറഞ്ഞിട്ടാണ്ടോടാണ്ടുകള്‍
മകരകൊയ്ത്തു കഴിഞ്ഞാലിപ്പോള്‍
പോന്നുവരുന്നൂ വീടുകള്‍തോറും.
ഉണ്ണി പിറന്നൊരു വീടേതെന്നു
തിരഞ്ഞുപിടിക്കണമതു ചോദിക്കാന്‍
വിട്ടും പോയി പറഞ്ഞതുമില്ലതു
നങ്ങേലിക്കു മറന്നതുകൊണ്ടോ,
കണ്ടാല്‍ത്തന്റെ കിടാവിനെ വീണ്ടും
കൊണ്ടോടിപ്പോമെന്നു ഭയന്നോ
തിട്ടമതാര്‍ക്കറിയാ;മതുമൂലം
തിങ്ങിത്തിങ്ങിവരുന്നൊരു കൗതുക-
മങ്ങനെകൂടീട്ടിവിടിവിടെത്തന-
തുണ്ണിയിരിപ്പെന്നോരോ വീട്ടിലു-
മങ്ങു കളിച്ചുകരേറിത്തുള്ളി-
ത്തുള്ളിമറിഞ്ഞൊടുവങ്ങേലെന്നുട-
നവിടേക്കോടിപ്പോണൂ പൂതം.
ഉണ്ണിയെ വേണോ, ഉണ്ണിയെ വേണോ
ആളുകളിങ്ങനെയെങ്ങും ചോദിച്ചാ-
ടിപ്പിപ്പൂ പാവത്തെപ്പല-
പാടുമതിന്റെ മിടിക്കും കരളിന്‍
താളക്കുത്തിനു തുടികൊട്ടുന്നൂ
തേങ്ങലിനൊത്തക്കുഴല്‍വിളി കേള്‍പ്പൂ.

കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍
ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍
അയ്യയ്യാ വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts