വെറുതെയാണ് എന്റെ അസ്വാസ്ത്യം
കാവ്യരാഗം
Verutheyaanu ente aswaasthyam (Kavyaragam)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംസുരേഷ് രാമകൃഷ്ണ
ഗാനരചനവി മധുസൂദനന്‍ നായര്‍
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:44.

"ഗ്രാമജീവിതത്തില്‍ നിന്ന് നഗരജീവിതത്തിലേക്ക് അനുദിനം മാറിക്കൊണ്ടിരിക്കുകയാണ് ഞാന്‍ ഉള്‍പ്പെടെയുള്ളവരുടെ മനുഷ്യജീവിതം. സങ്കല്‍പ്പങ്ങളും, അനുഭവങ്ങളും, സ്വപ്നങ്ങളും അങ്ങനെ തന്നെ. നാഗരികതയുടെ മധ്യത്തില്‍ എപ്പോഴും ഒരു പഴയ അനുഭവം, സ്നേഹത്തിന്റെ സന്ദേശം പോലെ, ഒരു കിളിയുടെ മധുരമായ മൊഴിപോലെ പിന്‍തുടരുന്നുണ്ട്. ഈ കവിതയില്‍ അതാണ്‌ ചിത്രീകരിക്കുന്നത്. നഗരം കൊടുക്കല്‍ വാങ്ങലുകളുടെ , വിലപേശലുകളുടെ, കണക്കുകളുടെ , സ്വന്തമായ ഇഷ്ടാനിഷ്ടങ്ങളുടെ ഒരു മണ്ഡലമാണ്. അവിടെ സ്നേഹമെന്നത് ഓഹരി വെയ്ക്കുന്ന മൈഥുന ശൈലിയാണ്. അതില്‍നിന്ന് മാറി ആത്മലയം പൂര്‍ണ്ണമായുള്ള സ്നേഹത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക്. യന്ത്രമൈനകളുടെ പാട്ടില്‍ നിന്ന് മാറി ആത്മാവിന്റെ മൈനകളുടെ ഒരുമിച്ചുള്ള പാട്ടിലേക്ക് ഒരു തിരിച്ചുപോക്ക്. അത് വരാതിരിക്കില്ല, എന്റെ മുറ്റത്തെ കണിക്കൊന്നയും പൂ തരാതിരിക്കില്ല,എന്റെ മാവിലും സ്വന്തം മാങ്കനി ഉണ്ടാകാതിരിക്കില്ല എന്ന ഒരു പ്രതീക്ഷ , ഒരു സ്വപ്നം, പുതിയ പൂക്കണികളുടെ കാലത്ത് പഴയ സ്നേഹത്തിന്റെ കണി വീണ്ടുമുണ്ടാകും എന്ന ഒരു പ്രാര്‍ത്ഥന, അതാണ്‌ ‘വെറുതെയാണ് എന്റെ അസ്വാസ്ഥ്യം’ എന്ന കവിതയ്ക്ക്‌ ആധാരം. തീര്‍ച്ചയായും അസ്വാസ്ഥ്യം വെറുതെയായിരിക്കും." - മധുസൂദനന്‍ നായര്‍

എന്നെ വിളിച്ചുവോ ജന്മാന്തരപ്രിയം
നിൻ വിധുര സ്വരം ഞാനോർത്തുണർന്നതോ (2)
ഉഷ്ണ വിനാഴികയെണ്ണി വിയർക്കുമെൻ
തൃഷ്ണയിൽ വിഭ്രമ പൂക്കൾ ചിരിച്ചതോ
ഒറ്റയ്ക്കു പാടുന്ന പക്ഷീ
ഒറ്റയ്ക്കു പാടുന്ന പക്ഷീ
പനികൂട്ടിലിറ്റുനീരായി തുളിക്കുന്നു നിൻ സ്മൃതി
ചിത്തം ഉദിഗ്നം തിരക്കുന്നു നിന്നെയീ
രിക്ത ദേഹത്തിന്റെ ജീവനധാരയായ്
എല്ലാ വിളക്കും കെടുമ്പോഴാകാശമുണ്ട്
എല്ലാ സദിരും നിലയ്ക്കിൽ നിൻ നാദമുണ്ടേവരും
പിരികിലും നിന്റെ സാന്നിദ്ധ്യമുണ്ടെങ്ങും
വരണ്ടാലും ഉണ്ട് നിന്നാർദ്രത

എത്രയ്ക്കു താന്തം നിശാന്തം
എത്രയ്ക്കു താന്തം നിശാന്തം
തമസ്സിന്റെ സത്ര താളങ്ങൾ തളർന്നു പോയേക്കണം
വെന്തു മലർന്ന പ്രകാശങ്ങളിൽ പ്രിയം പങ്കിട്ടു തിന്നു ശയിക്കുന്നു പട്ടണം
അന്ധ ബോധത്തിൻ ഉറക്കറയാണിത്
സ്വന്താവകാശ തുറുങ്കറയാണിത്
അന്ധ ബോധത്തിൻ ഉറക്കറയാണിത്
സ്വന്താവകാശ തുറുങ്കറയാണിത്
സ്വാർത്ഥങ്ങൾ കൂറിട്ട് വെച്ച ബന്ധങ്ങളിൽ
മാത്രാനുകൂലം പചിച്ച ലോഭങ്ങളിൽ
നിത്യോപചാര മധുരം ഇടയ്ക്കിടെ കൃത്യം പുരട്ടി രുചിക്കുന്നു ജീവിതം
സ്നേഹമെന്നത്രേ വിളിക്കുന്നു
സ്നേഹമെന്നത്രേ വിളിക്കുന്നു
ഞങ്ങളീയോഹരി വെയ്ക്കുമീ നാഗരശൈലിയെ
ചായം പുരട്ടിയ വാക്കാണു പട്ടണം
ചായം പുരട്ടിയ വാക്കാണു പട്ടണം
ചീയുന്ന ജീവിതമേതോ വിജൃംഭണം

ഒറ്റയ്ക്കു പാടുന്ന പക്ഷീ
ഒറ്റയ്ക്കു പാടുന്ന പക്ഷീ
തുറക്കുന്നു യുദ്ധകാലത്തിന്റെ ജാലകം നിൻ സ്വരം
ബോധമീ നാരത്തിൽ നിന്നു ഞാൻ കാണുന്നു
പാതകൾക്കപ്പുറം പൂർവ വിഷുക്കണി

ദൂരത്തിലെങ്ങോ മറന്നിട്ട ജീവിത
വേരിന്റെയീർപ്പം നുണഞ്ഞോരു താഴ്വര (2)
പാറയും മുള്ളും കരിമ്പായലും ചേർന്നു
പച്ച വികാരം തഴച്ച നാട്ടിൻ പുറം
ചെങ്ങഴിനീരായ് വിരിയുന്ന ചേരിന്റെ
ജന്മം ചരിക്കും അനന്ത സംഗീതിക
വെള്ളരിപ്പൂവിൽ വിളഞ്ഞ കുളിർത്തടം
വെന്ത മൺനെഞ്ചു ചുരന്ന കൊന്നക്കുടം
ഒറ്റക്കിനാവു പുതച്ച കുരുവികൾ
ഒറ്റ സ്വരത്തിൽ അലിയുമാത്മാവുകൾ
നീറിടം വറ്റി വെടിച്ചാലുമുള്ളിലെ
നേരിളം ചോലയിൽ തിങ്ങുമുറവുകൾ
പണ്ടു പണ്ടേതോ പ്രണയികൾ ലാളിച്ച
ചെണ്ടുകൾ തേന്മാങ്കുരുന്നുകൾ
പൂഴിയിൽ പൂവിരൽ ചേലിൽ മനസ്സിന്റെ പാടുകൾ
പാട്ടിന്റെയീരിഴ ചോപ്പുകൾ വീർപ്പുകൾ

നീ വരും ദാഹം പിണഞ്ഞാടുമീ നൃത്തശാലകൾ മയങ്ങി വീഴുമ്പോൾ
നീ വരും നാദം ചിലമ്പുന്നൊരീ യന്ത്രമൈനകൾ പദം മറക്കുമ്പോൾ
ശേഷിച്ച മാവിലൊരു കനി തരും
മുറ്റത്തു ശോഷിച്ചു നിൽക്കുന്ന കൊന്നയിൽ പൂ തരും

അന്യോന്യമെന്നും കണിയാകുവാൻ
മനക്കണ്ണാടിയും കതിർ പൂവിളക്കും തരും (2)
കാലത്തിനോട്ടുരുളിയിൽ നിന്നു നാളെയെ
കൈവെള്ളയിൽ പൊന്നു കൈനീട്ടമായ് തരും (2)

വെറുതെയാണെന്റെ അസ്വാസ്ഥ്യം
വെറുതെയാണെന്റെ അസ്വാസ്ഥ്യം
വെറുതെയാണെന്റെ അസ്വാസ്ഥ്യം
വെറുതെയാണെന്റെ അസ്വാസ്ഥ്യം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts